Kerala
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത് അഞ്ചു വര്‍ഷം മുമ്പാണെന്ന് പോലീസ് കണ്ടെത്തി. കോവിഡിന് ശേഷമാണ് തങ്ങള്‍ സെക്സ് റാക്കറ്റ് ആരംഭിച്ചത് എന്നാണ് മുഖ്യപ്രതികളായ ബിലാലിന്റെയും സിന്ധുവിന്റെയും മൊഴി.
പൂര്‍ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജോലിയും മോഡലിംഗില്‍ അവസരവും വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയ ശേഷം മയക്കുമരുന്ന് നല്കി പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. ചില മാസങ്ങളില്‍ അഞ്ചു യുവതികളെ വരെ ഇയാള്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.
ശ്രീകുമാര്‍ എന്ന ബിലാലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലൈംഗികശേഷി പരിശോധിച്ചു. ബംഗളൂരുവില്‍ നിന്നും യുവതികളെ വിദേശത്തേക്ക് എത്തിച്ചതായും പോലീസിന് വിവരം ലഭിച്ചു. മൂന്നു യുവതികള്‍ പരാതി നല്‍കിയിട്ടുണ്ട്.
ബിലാലിന്റെ ടെലിഗ്രാം ഗ്രൂപ്പുകളുടെ വിവരം പോലീസ് ശേഖരിച്ചു. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം ഐഡികളും നിര്‍ണായക ചാറ്റുകളുമടക്കം ഉണ്ടായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിലാലിന് നിരവധി സിമ്മുകള്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്.
വിദേശത്ത് മോഡലിംഗിനുള്ള സാധ്യത, ജോലി എന്നിവയെ കുറിച്ച് യുവതികളെയും അവരുടെ വീട്ടുകാരെയും ബോധ്യപ്പെടുത്തി കൊണ്ടുപോകാനുള്ള നീക്കം നടത്തിയതും ബിലാല്‍ ആണ്. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിൽ സഞ്ചരിക്കുന്ന വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു. ഇന്നാണ് കണക്കെടുപ്പ് തുടങ്ങുന്നത്.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ (ഇടിഎം) ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും കണ്ടക്ടർമാർക്ക് ആവശ്യമായ പരിശീലനം അടിയന്തരമായി നല്‍കാനും ഇന്നലെ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. നിശാന്ത് യൂണിറ്റ് അധികൃതർക്ക് നിർദേശം നല്കി. ശനിയാഴ്ച മുതൽ നടപ്പാക്കേണ്ട ജൻഡർ ടിക്കറ്റിംഗിന് വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറക്കിയത്.
ഇടിഎമ്മിൽ കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. പ്രായപൂർത്തിയായവരുടെ വിഭാഗത്തിൽ പുരുഷൻ / സ്ത്രീ എന്നിവകൂടി പ്രത്യേകമായി സെറ്റ് ചെയ്യും. കുട്ടികൾക്കുള്ള ടിക്കറ്റിനു ചൈൽഡ് കാറ്റഗറിയുമുണ്ട്. സ്ത്രീ, പുരുഷൻ, കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ്. ഇങ്ങനെ ടിക്കറ്റ് നല്കുന്നതുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും കൃത്യമായ എണ്ണം അറിയാനാകും.
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനമുണ്ട്. യുഡിഎഫ് ഭരണത്തിലെത്തിയ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിലാണോ വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നത് എന്ന സംശയവും ഉയർന്നിട്ടുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. രണ്ടാമനു ഗുരുതരമായി പരിക്കേറ്റു.
സൗമ്യ രഞ്ജൻ സ്വെയിൻ ആണു കൊല്ലപ്പെട്ടത്. റെയിൽവേ പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു. ഓം പ്രകാശിനാണു ഗുരുതരമായി പരിക്കേറ്റത്.
സ്കൂട്ടറിൽ പോകുകയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി അക്രമികളെ മർദിച്ചു.
Business
കൊച്ചി: ആമസോൺ ഇന്ത്യ പ്രവർത്തന ശൃംഖലയിലുടനീളം വനിതകളുടെ പങ്കാളിത്തം ശക്തമാക്കി.
സൗകര്യപ്രദമായ ജോലി അവസരങ്ങളും പദ്ധതികളും വഴി വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും നേടാൻ കമ്പനി പിന്തുണ നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക ഡെലിവറി പങ്കാളികൾ, ഡെലിവറി അസോസിയേറ്റുകൾ, ട്രാക്കിംഗ് പങ്കാളികൾ എന്നീ നിലകളിൽ വനിതകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം അവസരങ്ങൾ സ്ത്രീകളിൽ ആത്മവിശ്വാസവും സാമ്പത്തിക സുരക്ഷയും വളർത്തുന്നതിനോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതായും ആമസോൺ വ്യക്തമാക്കി.
Kerala
തൃശൂർ: കണിമംഗലത്ത് സ്പാ നടത്തുന്ന 57കാരിയെ വീട്ടിൽ കയറി ആക്രമിച്ചു പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘം പിടിയിൽ.
മൂന്നു യുവതികളും രണ്ടു ട്രാൻസ്ജെൻഡർമാരും മൂന്നു യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇവർ കർണാടക, തമിഴ്നാട് സ്വദേശികളാണ്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്നലെ രാത്രി 12.30 ഒാടെയാണു സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
20,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളുമാണു പ്രതികൾ കവർന്നത്. സ്പായിലെ സ്വകാര്യദൃശ്യങ്ങളടക്കം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഉള്ളതായി പോലീസ് പറഞ്ഞു.
അക്രമിസംഘത്തിലെ ചിലർ മുൻപ് സ്പായിൽ ജോലി ചെയ്തിരുന്നതായും പറയുന്നു. ഫോണിലെ സ്വകാര്യ ദൃശ്യങ്ങൾ, സ്പാ നടത്തിപ്പിനു ലൈസൻസുണ്ടോ മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചുവരുന്നു.
Kerala
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിന്റെ വ്യാപക പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തു.
ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ,
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കുചേർന്നു.
Kerala
ചാത്തന്നൂർ: സർക്കാർ ഉടമസ്ഥതയിലുള്ള കെ-സ്വിഫ്റ്റ് വനിത ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലാ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലേക്കാണ് നിയമനം. കരാറടിസ്ഥാനത്തിൽ ദിവസ വേതനമാണ്.
രാവിലെ അഞ്ചു മുതൽ രാത്രി പത്തു വരെ ബസ് ഓടിക്കേണ്ടിവരും. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിദ്യാഭ്യാസവും 20 വയസുമാണ്. ജോലി ചെയ്യാൻ പറ്റിയ ആരോഗ്യ ശേഷി ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കൽ ലൈസൻസുള്ളവരെ 30 വയസു വരെ പരിഗണിക്കും.
ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുണ്ടെങ്കിൽ 45 വയസുകാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് വൈകാതെ നേടിയിരിക്കണം. അപേക്ഷ 21 വരെ ഓൺലൈനായി നൽകാം.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ 30 റൺസിന്റെ ജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.
സ്കോർ: ഇന്ത്യ 221/2 ശ്രീലങ്ക 191/6. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും (37 പന്തിൽ 52) ചേർന്നു വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു.
എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അട്ടപ്പട്ടു - ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ (29) റൺസെടുത്തു.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അട്ടപ്പട്ടുവിനെ പുറത്താക്കി വൈഷ്ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്. ജയത്തോടെ പരമ്പരയിൽ 4-0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.
Kerala
നിലമ്പുർ: മലപ്പുറം എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) ആണ് മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയത്.
രാവിലെ എട്ടോടെയാണ് സംഭവം. മകൻ ജോലിക്കു പോയ സമയത്ത് അഞ്ജനയെ അനിതാകുമാരി വീട്ടിലെ വെള്ളംനിറഞ്ഞ വീപ്പയിൽ മുക്കി കൊലപ്പെടുത്തി. തുടർന്ന് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.
അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പ്രസവശേഷം അണുബാധയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്നും ഇത് മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് ശിവപ്രിയ മരണത്തിനു കീഴടങ്ങിയത്.
ആശുപത്രിയിലെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് അണുബാധയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. ഡിസ്ചാർജ് സമയത്ത് യുവതിക്ക് പ്രശ്നങ്ങളില്ലായിരുന്നുവെന്നും അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്നുമാണ് ആശുപത്രി അധികൃതർ നല്കിയ വിശദീകരണം.
Kerala
നിലമ്പുർ: മലപ്പുറം നിലമ്പുരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. നിലമ്പുർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലമ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്കു ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില്‍ കേസെടുത്ത് പോലീസ്.
ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം സോഷ്യല്‍മീഡിയ വഴി പങ്കു വയ്ക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തപ്പോഴാണ് മൂന്നാര്‍ പോലീസ് കേസെടുക്കാന്‍ തയാറായത്. യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലെത്തിയതോടെയാണ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.
മുംബൈയില്‍ അസി. പ്രഫസറായ ജാന്‍വി എന്ന യുവതിക്കാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം നേരിട്ടത്. ആലപ്പുഴയിലും കൊച്ചിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് യുവതി ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറിലെത്തിയത്. എന്നാല്‍ ഇവര്‍ എത്തിയ വാഹനം മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു.
മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിച്ചിട്ടുണ്ടെന്നും തദ്ദേശീയമായ ടാക്സി വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താവും എന്നും നിബന്ധനയുണ്ടെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് യുവതിയും ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ യുവതി സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മൂന്നാര്‍ സന്ദര്‍ശനത്തിനു നില്‍ക്കാതെ യുവതി മറ്റൊരു വാഹനത്തില്‍ തിരികെ മടങ്ങുകയായിരുന്നു.
തുടര്‍ന്നാണ് യുവതി തനിക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ വന്‍ തുകയാണ് നിരക്കായി ആവശ്യപ്പെട്ടതെന്ന് യുവതി വീഡിയോയില്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ ഗതാഗത രീതി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. തന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു.
കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. തനിക്കു കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി കഴിയില്ലെന്നും ജാന്‍വി വിഡിയോയില്‍ പറയുന്നു.
ഇതിനിടെ മൂന്നാറില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനൂകൂലമായ നിലപാടാണ് പോലീസും ജന പ്രതിനിധികളും സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടാക്സി ഡ്രൈവര്‍മാര്‍ മറ്റിടങ്ങളില്‍നിന്നും വരുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ തടയുന്നത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ടാക്സി ഡ്രൈവര്‍മാരും പോലീസുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ. രാജ എംഎല്‍എ പറഞ്ഞു.
NRI
ല്യൂസിവിൽ (ടെക്സസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസിന്റെ പ്രസ്താവന പ്രകാരം, വെടിവയ്പ്പിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, സ്വന്തം കഴുത്തിൽ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ ചികിത്സയിലാണ്. നിലവിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അന്വേഷണം തുടരുന്നതിനാൽ മൊബൈൽ ഹോം പാർക്കിന്റെ പരിസരത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചോ സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Sports
ഇന്‍ഡോര്‍: വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 40.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ ഇംഗ്ലണ്ട് 244/9 ഓസ്ട്രേലിയ 248/4 (40.3).
ഓസീസിനായി ആഷ്ലി ഗാർഡ്നർ സെഞ്ചുറിയും (104), അന്നബെൽ സതർലാൻഡ് (98*) അർധ സെഞ്ചുറിയും നേടി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടാമി ബ്യൂമോണ്ടിന്റെ അര്‍ധസെഞ്ചുറിയുടെയും (78) ആലിസ് ക്യാപ്സി(38), ചാര്‍ലി ഡീന്‍ (26), സോഫിയ ഡങ്ക്ലി (22) എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.
ഓസീസിനായി അന്നാബെല്‍ സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഷ്ലി ഗാര്‍ഡ്നറും സോഫിയ മോളിനോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എസ്യുടി ആശുപത്രിയി ലേക്കു മാറ്റി.
പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധിക്കും. ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.